"ഏതാണ്ട് ഇരുപത് മൈല്‍ ദൂരം വരും. നടക്കുകയേ നിവൃത്തിയുള്ളു." ചെറുപ്പക്കാരന്‍ നെടുവീര്‍പ്പോടെ പറഞ്ഞു.
"ഇരുപത് മൈല്‍ നടക്കാനോ ? വണ്ടിയൊന്നും കിട്ടില്ലെ ?" മധ്യവയസ്കന്‍ അല്പം ക്ഷീണിതനായി കാണപ്പെട്ടു.
"ദാ അതു കണ്ടോ ?? " ചെറുപ്പക്കാരന്‍ കൈ ചൂണ്ടി.
വലിയൊരു പാമ്പ് മരങ്ങള്‍ക്കിടയിലൂടെ പതിയെ ഇഴഞ്ഞ് അവരെ സമീപിക്കുന്നു.
"ശരി! നടക്കാം." രണ്ട് പേരും കൂടി തീരുമാനിച്ചു.
"ഇതുപോലെ മുഷിപ്പനായി ഒന്നും തന്നെ കാണില്ല." ചെറുപ്പക്കാരന്‍ ജീവിതത്തെ പഴിച്ചു. എന്നാല്‍ മറ്റെയാള്‍ നേരിയ ആവേശത്തോടെ കാഴ്ച്ചകള്‍ ആസ്വദിക്കുകയാണ്.
"തനിക്കറിയാമോ ? നടക്കാനുള്ള തീരുമാനം വളരെ നന്നായി.ഒരു പക്ഷെ ഈ യാത്ര കഴിയുമ്പോള്‍ ഞാന്‍ വളരെ മാറിയേക്കും. ചിലപ്പോള്‍ എന്റെ പ്രായം തന്നെ കുറയും."
"എന്തു പറ്റിയതാണ് താങ്കള്‍ക്ക് ?? എങ്ങനെയെത്തി ഇവിടെ ? ഈ യാത്ര മാത്രമേ ഇനി ബാക്കിയുള്ളു എന്നു തോന്നും നിങ്ങളെ കണ്ടാല്‍."
"ഞാന്‍ ഒരു വിവാഹിതനാണ്. അത്രെയുള്ളു."
ചെറുപ്പക്കാരന്‍ പൊട്ടിച്ചിരിച്ചു. "കല്യാണം കഴിക്കാത്ത ഞാനും ഇവിടെ തന്നെയാണ്.മറക്കരുത്"
അവിവാഹിതനും വിവാഹിതനും. അവര്‍ ഇനി അങ്ങനെ അറിയപ്പെടട്ടെ.
മനോഹരമായ ആ വനാന്തരീക്ഷത്തിലൂടെ അവര്‍ തങ്ങളുടെ നീണ്ട യാത്ര തുടക്കം കുറിച്ചു.
കുറച്ചു കഴിഞ്ഞപ്പോളേക്കും അവര്‍ തങ്ങളുടെ ഏറ്റവും വലിയ ബലഹീനത തിരിച്ചറിഞ്ഞു.
വാക്കുകള്‍ തീര്‍ന്നിരിക്കുന്നു... ഇനി എന്തു സംസാരിക്കും ??
രണ്ടോ മൂന്നോ മൈലുകള്‍ നീണ്ട നിശബ്ദത.
ഒടുവില്‍ വിവാഹിതന്‍ വീണ്ടും സംസാരിച്ചു തുടങ്ങി.
"ആ പാമ്പ് നമ്മളെ പിന്തുടരുന്നുണ്ടോ ?? "
മറ്റെയാള്‍ പുറകോട്ടു തിരിഞ്ഞു നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
"തനിക്കു മടുത്തുവല്ലേ ?? "
അതിനും മറുപടിയില്ല.
അയാള്‍ക്ക് കുറച്ച് ദേഷ്യം വരാതിരുന്നില്ല.
"ചെറുപ്പക്കാര്‍ക്കെല്ലാം അഹങ്കാരമാണ്. യാത്ര തുടങ്ങാന്‍ മാത്രമേ ഉല്‍സാഹമുള്ളു."
"നമുക്കിനി ഇരിക്കാം. എനിക്കു വിശക്കുന്നു." ഒടുവില്‍ അവന്‍ പരാതിപ്പെട്ടു.
"ആ പാമ്പ് നമ്മളെ പിടികൂടും. നടക്കുന്നതാണ് സുരക്ഷിതം." വിവാഹിതന്‍ ഉപദേശിച്ചു.
ഫലമുണ്ടായില്ല.
വഴിയരുകില്‍ പതഞ്ഞൊഴുകുന്ന ഒരു നീര്‍ച്ചാലുണ്ടായിരുന്നു. ഒരു നീണ്ട പാറ അതിനെ കവര്‍ന്ന് ഒരു പാലം പോലെ കാണപ്പെട്ടു.
"നമുക്ക് അതിന്റെ മുകളില്‍ കയറി ഇരിക്കാം. ഈ വെള്ളമെല്ലാം എങ്ങോട്ടു പോകുന്നെന്ന് കാണാന്‍ കഴിയും ചിലപ്പോള്‍." ചെറുപ്പക്കാരന്‍ അഭിപ്രായപ്പെട്ടു.
"എന്തു കഴിക്കും ? ഞാനൊന്നും കരുതിയിട്ടില്ല." വിവാഹിതന്‍ അല്പം നിരാശയോടെ പറഞ്ഞു.
"ഇന്റലക്ച്ച്വലായി ചിന്തിച്ചാല്‍, നമുക്കുള്ള ഭക്ഷണം തനിയെ വരും."ചെറുപ്പക്കാരന്‍ പുഞ്ചിരിയോടെ പറഞ്ഞു.
"ഇന്റലക്ച്ച്വലായി എന്നുവെച്ചാല്‍ എന്താണ് ? മലയാളത്തില്‍ ."
"മലയാളത്തില്‍... "ചെറുപ്പക്കാരന്‍ പരതി... "ആ വാക്ക് ഇംഗ്ലീഷിലാണ് നല്ലത്. മലയാളത്തില്‍ അര്‍ത്ഥശൂന്യമാണ്."
ഇപ്രാവശ്യം അത് വിവാഹിതന് അല്പം ചിരിക്കാന്‍ വക നല്‍കി.
ഏതാണ്ട് അര മണിക്കൂര്‍ അവര്‍ ഇന്റലക്ച്ച്വല്‍ ഭക്ഷണം പ്രതീക്ഷിച്ച് ആ പാറപ്പുറത്തിരുന്നു. ഒടുവില്‍ അവിവാഹിതന്‍ നിശബ്ദത വെടിഞ്ഞു
"അറിയാമോ ? ആഫ്രിക്കന്‍ മരുഭൂമികളില്‍ മനുഷ്യര്‍ ഒട്ടകപ്പക്ഷികളെ കബളിപ്പിച്ച് അവയുടെ മുട്ട മോഷ്ടിച്ച് ചുട്ടു തിന്നാറുണ്ട്."
"ഞാനങ്ങനെ ചെയ്തിട്ടുണ്ട്. ആഫ്രിക്കയിലല്ല . ഇവിടെ... "
Subscribe to:
Post Comments (Atom)
No comments:
Post a Comment